ന്യൂയോർക്ക്: പ്രശസ്ത പോപ് ഗായിക റിഹാനയുടെ കാമുകനും റാപ്പറുമായ അസാപ് റോക്കി എന്ന റകിം മേയേഴ്സ് പിടിയിൽ. ലോസ് ആഞ്ജലസ് വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്. 2021 ലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി എടുത്തിരിക്കുന്നത്. ഗർഭിണിയായ റിഹാനയ്ക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ റോക്കിയെ വളരെ നാടകീയമായാണ് പൊലീസ് പിടികൂടിയത്.
ബാര്‍ബഡോസില്‍ അവധി ആഘോഷത്തിലായിരുന്നു റിഹാനയും റോക്കിയും. ഇരുവരുടേയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സ്വകാര്യ വിമാനത്തില്‍ ലോസ് ആഞ്ജലസ് എയർപോർട്ടിൽ വന്നിറങ്ങിയതിനു പിന്നാലെ നാടകീയമായാണ് പോലീസ് അധികൃതര്‍ റോക്കിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 5.50 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.
2021 നവംബര്‍ ആറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മേയേഴ്സും മറ്റു രണ്ടുപേരും ചേര്‍ന്ന് ഒരാള്‍ക്കെതിരേ വെടിയുതിര്‍ത്തെന്നാണ് പരാതി. പ്രതികള്‍ മൂന്നോ നാലോ തവണ വെടിയുതിര്‍ത്തെന്നും സാരമായി പരിക്കേറ്റെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
















