എരുമേലി: പമ്പയാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ടു മുങ്ങിപ്പോയ സ്ത്രീയെയും പേരകുട്ടിയെയും തിരികെ ജീവിതത്തിലെക്ക് പിടിച്ചുയർത്തി സെലിബ്രിറ്റി ഫോട്ടോഗ്രാഫറും ക്യാമറാമാനുമായ മഹാദേവൻ തമ്പി. എരുമേലി എടക്കടത്തിയിൽ ബന്ധുവിന്റെ വീട്ടിൽ എത്തിയ ഭാർഗവി എന്ന സ്ത്രീയെയും പേരക്കുട്ടിയായ 11 വയസുകാരൻ ജയമാധവിനെയും ആണ് അവിടെ അതിഥിയായി എത്തിയ മഹാദേവൻ തമ്പി രക്ഷിച്ചത്. ഈസ്റ്റർ ദിനത്തിലാണ് സംഭവം നടന്നത്.
ഈസ്റ്റർ ആഘോഷിക്കാൻ കൂട്ടുകാരൻ ബിപിന്റെ വീട്ടിൽ എത്തിയതാണ് മഹാദേവൻ തമ്പി. തുടർന്ന് ഇരുവരും കൂടി ബിപിന്റെ സഹോദരി അച്ചുവിന്റെ വീട്ടിലേക്ക് പോയിരുന്നു. സഹോദരിയുടെ ബന്ധുവായ ഭാർഗവി അവരുടെ പേരകുട്ടികളായ ജയമാധവിനേയും ആവണിയെയും കൂട്ടി അടുത്തുള്ള പമ്പയാറ്റിൽ കുളിക്കാനായി പോയി. എന്നാൽ ശക്തമായ ഒഴുക്കിൽ ഭാർഗവിയും പേരകുട്ടികളിൽ ഒരാളായ ജയമാധവും മുങ്ങിപോകുകയായിരുന്നു. ഇരുവരും ഒഴുക്കിൽ പെട്ട വിവരം കൂടെയുണ്ടായിരുന്നു ആവണി എല്ലാവരെയും അറിയിച്ചു.വെള്ളത്തിൽ ബോധമറ്റ് കമിഴ്ന്നു കിടന്നിരുന്ന ഇവരെകണ്ട് ഭാർഗ്ഗവിയുടെ മകൻ അനൂപും തളർന്നു വീണു.
എന്നാൽ ഈ കാഴ്ച കണ്ട് ഒട്ടും സമയം കളയാതെ അവിടെയെത്തിയ മഹാദേവൻ തമ്പി ആറ്റിലേക്ക് എടുത്തു ചാടി ആദ്യം കുട്ടിയെ കരക്കെത്തിച്ചു. പിന്നീട് അവിടെയുണ്ടായിരുന്ന നാട്ടുകാരനും ഇവരുടെ ബന്ധുവും കൂടിയായ സുധൻ ഇടകടത്തിയുടെ ഇടപെടലും കൂടിയായപ്പോൾ ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.
സുധൻ ഇടകടത്തിയുടെ സഹായത്തോടെ ഭാർഗവിയെയും രക്ഷപെടുത്തി കരയ്ക്കടുപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഇവർക്ക് ഇപ്പോൾ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല .കൃത്യ സമയത്തെ മഹാദേവൻ തമ്പിയുടെ ഇടപെടലാണ് ഇരുവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

ഒരുപക്ഷെ മഹാദേവൻ തമ്പി ഇങ്ങനെയൊരു സാഹസം കാണിച്ചില്ലെങ്കിൽ പിന്നീടുണ്ടാകുന്ന ദുരന്തം ഓർക്കാൻ കൂടി വയ്യ എന്നാണ് വീട്ടുകാരും പറയുന്നത്. അതിഥിയായി എത്തി ഇവർക്ക് രണ്ടാം ജൻമം തന്നെ നൽകിയ മഹാദേവൻ തമ്പിക്ക് നന്ദി പറയുകയാണ് വീട്ടുകാർ. മഹാദേവൻ തമ്പിയാകട്ടെ തന്നെ കൃത്യ സമയത്ത് അവിടെ എത്തിച്ചതിനു പിന്നിലെ അദൃശ്യ ശക്തിക്കും നന്ദിപറയുന്നു.ഇതിനോടകം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ജനശ്രദ്ധ നേടിയ മഹാദേവൻ തമ്പി റീലിസ് ആകാനിരിക്കുന്ന ‘പദ്മ’ ,’ജയിലർ’ എന്നീ സിനിമകളുടെയും ക്യാമറാമാൻ കൂടിയാണ്.

















