മാസപ്പടിക്കേസില്‍ മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഫെബീഷിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ബാങ്ക് ലോക്കര്‍ അന്വേഷണസംഘം സീല്‍ ചെയ്തു. കോഴിക്കോട്ടെത്തിയാണ് ഇഡി ഫെബീഷിനെ ചോദ്യം ചെയ്തത്. ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് 50 പവനോളം സ്വര്‍ണം കണ്ടെത്തിയതായി ഇഡി അറിയിച്ചു. സഹോദരിയുടെ മകളുടെ വിവാഹ ആവശ്യത്തിനായി മാറ്റിവെച്ച സ്വര്‍ണമാണിതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍ ഈ വിശദീകരണം പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
റിയാസുമായും ടി. വീണയുമായും അടുത്ത ബന്ധമുള്ള ആളുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെബീഷിന്റെ വീട്ടിലും ലോക്കറിലും ഇഡി പരിശോധന നടത്തിയത്. മാസപ്പടി കേസിന് പുറമെ, സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് ഇഡി ശ്രമിക്കുന്നത്. അതേസമയം, മാസപ്പടി കേസില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ജനറല്‍ മാനേജര്‍ മനോഹര്‍ ദാസിനെ ഇഡി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കേസിലെ പണമിടപാടുകളും സാമ്പത്തിക രേഖകളും കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.
















