തിരുവനന്തപുരം: പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകള്‍ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്ക് അംഗീകാരമായതായി തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങളാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പദ്ധതി ലക്ഷ്യമിടുന്നത്. വൈവിദ്ധ്യമാര്‍ന്നതും ഭാവനാപൂര്‍ണവുമായ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രാപ്തമായിക്കഴിഞ്ഞു. കോവിഡാനന്തര നവകേരള സൃഷ്ടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സുസ്ഥിര വികസനം വിഭാവനം ചെയ്യുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കി കൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ആധുനിക വൈജ്ഞാനിക മേഖലകളുടെ പിന്‍ബലത്തോടെ ഉല്‍പ്പാദന വ്യവസ്ഥകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉതകുന്ന മാര്‍ഗ്ഗരേഖയാണ് തയ്യാറായിട്ടുള്ളത്. പ്രകൃതിദുരന്തങ്ങളെയും കാലാവസ്ഥ വ്യതിയാനത്തെയും അതിജീവിക്കുന്നതിനുള്ള കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ സമൂഹത്തെ സഹായിക്കും വിധമുള്ള മാര്‍ഗരേഖ കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. 2022-23 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 27നകം ആരംഭിച്ച് ജൂണ്‍ 25നകം പൂര്‍ത്തീകരിക്കും. വാര്‍ഷിക പദ്ധതിയ്ക്ക് ആദ്യമാസങ്ങളില്‍ ചെയ്യേണ്ട കാര്‍ഷിക മേഖലയിലടക്കമുള്ള പദ്ധതികള്‍ നിലവില്‍ തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിനുള്ള നിര്‍ദേശം നേരത്തെ നല്‍കിയിട്ടുമുണ്ട്. 2023-24 മുതല്‍ 2026-27വരെയുള്ള ആസൂത്രണ പ്രവര്‍ത്തനം നവംബര്‍ 1ന് തുടങ്ങി മാര്‍ച്ച് 7നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാതരം പാര്‍ശ്വവല്‍ക്കരണങ്ങളെയും നിര്‍മാര്‍ജനം ചെയ്യുകയും അതിസാധാരണക്കാരെ കൂടി ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വികസനം സാധ്യമാക്കാന്‍ മാര്‍ഗ്ഗരേഖ നിഷ്‌കര്‍ഷിക്കുന്നു. ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഭാവനാപൂര്‍ണമായ പദ്ധതികള്‍ വിഭാവനം ചെയ്യാനും സമഗ്രമായ വികസന ഇടപെടലിലൂടെ കേരളീയ ജീവിതത്തിലെ ഗുണമേന്മയും സംതൃപ്തിയും സന്തോഷവും വര്‍ധിപ്പിക്കാനും ഈ മാര്‍ഗ്ഗരേഖ ലക്ഷ്യമിടുന്നു.
സവിശേഷ വികസനലക്ഷ്യങ്ങളിലൂടെ പുതിയൊരു സമഗ്ര വികസന കാഴ്ചപ്പാട് ഈ മാര്‍ഗ്ഗരേഖ മുന്നോട്ടുവെക്കുന്നു. ദേശീയതലത്തിലെ ക്ഷേമ-വികസന മേഖലകളിലെ പ്രഥമസ്ഥാനം നിലനിര്‍ത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പതിനാറോളം വിഷയങ്ങള്‍ക്ക് പൊതു മുന്‍ഗണന നല്‍കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്ര പുരോഗതിക്കുള്ള വഴികാട്ടിയാണ് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ്ഗരേഖയെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

















