തിരുവനന്തപുരം: വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്തതിലൂടെ കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയ മുതിർന്ന നേതാവ് കെ വി തോമസ് ഇപ്പോൾ പാർട്ടിയുടെ അംഗത്വ ക്യാമ്പയിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കോൺഗ്രസിൻ്റെ അംഗത്വ ക്യാമ്പയിൻ വൻ പരാജയമെന്നാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്. ഡിജിറ്റൽ മെമ്പർഷിപ്പ് കോൺഗ്രസിൻ്റെ സമ്പ്രദായമല്ലെന്നും 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ടിടത്ത് ഒന്നുമില്ലത്ത അവസ്ഥയാണ് എന്നും കെവി തോമസ് കൂട്ടിച്ചേർത്തു. അതേസമയം, അംഗത്വ ക്യാമ്പയിൻ ഗൗരവത്തിലെടുത്തില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തിയിരുന്നു.
തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നു എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു. തനിക്കെതിരായ പരാതിയിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്തതിനു ശേഷം തൻ്റെ നിലപാട് അറിയിക്കാം. കോൺഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

















