ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1274 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 928 പേർ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 11,860 ആയി. ഒരു മരണം മാത്രമാണ് ഇന്നലെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച ആകെ രോഗികളുടെ എണ്ണത്തിൽ 90 ശതമാനത്തിലേറെ വർധനവ് രേഖപ്പെടുത്തിയത് ആശങ്കക്കിടയാക്കിയിരുന്നു. 2183 പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഇത് 1150 ആയിരുന്നു. അതിനാൽ, ഇന്നത്തെ കണക്കുകൾ ആശ്വാസത്തിന് വകനൽകുന്നതാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 98.76 ശതമാനമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ 0.03 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.
ഡൽഹിയിൽ കോവിഡ് കേസുകൾ വർധന രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ ഹരിയാനയും യു.പിയും ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ മാസ്ക് നിർബന്ധമാക്കി.
















