കൊച്ചി: നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹരജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നതടക്കം ആവശ്യപ്പെട്ട് ഒന്നാം പ്രതി ദിലീപ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വിധി പറയുന്നത്. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, സായ് ശങ്കർ എന്നിവരാണ് മറ്റു പ്രതികൾ. ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനിടെ, നടൻ ദിലീപ് ശബരിമലയിൽ ദർശനത്തിനെത്തി. മാനേജർ വെങ്കി, സുഹൃത്ത് ശരത് എന്നിവർക്കൊപ്പമാണ് എത്തിയത്. ഞായറാഴ്ച രാത്രി എത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ് ഹൗസിൽ തങ്ങി. തിങ്കളാഴ്ച രാവിലെ ദർശനം നടത്തി പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. മേൽശാന്തിയെയും തന്ത്രിയെയും കണ്ട് അനുഗ്രഹം വാങ്ങി. ഏറെ നേരം സന്നിധാനത്ത് തങ്ങി.

















