കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന് സമയം നീട്ടി നൽകരുതെന്ന് ദിലീപ്. കള്ളത്തെളിവ് ഉണ്ടാക്കാനാണ് ശ്രമമെന്നാണ് ദിലീപിന്റെ ആരോപണം. തുടരന്വേഷണം തടസ്സപ്പെട്ട നിലയിലാണെന്നും ദിലീപ് ആരോപിച്ചു. എതിർ സത്യവാങ്മൂലത്തിലായിരുന്നു ദിലീപിന്റെ ആരോപണം.
കാവ്യയെ ചോദ്യം ചെയ്യുന്നത് നീട്ടികൊണ്ടുപോകുകയാണെന്ന് പറഞ്ഞ ദിലീപ് കാവ്യ സമയം നൽകിയിട്ടും ചോദ്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി.
കാവ്യയെ കുരുക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് ആരോപിക്കുന്നു.
സുരാജിന്റെ ഓഡിയോ ക്ലിപ്പുകൾ തെറ്റായി പ്രചരിപ്പിക്കുന്നുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിച്ചു.
അതേസമയം, വധഗൂഢാലോചനക്കേസിൽ, പ്രതി ദിലീപിന്റെ ഫോണിൽനിന്നു സൈബർ വിദഗ്ധൻ സായ്ശങ്കർ നീക്കം ചെയ്ത ഡിജിറ്റൽ ഫയലുകൾ വീണ്ടെടുത്തു. സായ്ശങ്കർ തന്നെയാണ് ദിലീപിന്റെ ഫോണുകളിൽ നിന്നുള്ള ചാറ്റ് ഉൾപ്പെടെയുള്ള 10 ഫയലുകൾ വീണ്ടെടുത്ത് അന്വേഷണ സംഘത്തിനു നൽകിയത്. തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം തെളിവുകൾ കണ്ടെടുത്തത്.

















