ലഖ്‌നൗ: ഉത്തർപ്രദേശില്‍ പൊതുസ്ഥലത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ലഖ്‌നൗവിലും ഡൽഹിയോട് ചേർന്നുള്ള ആറ് ജില്ലകളിലുമാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
ഗൗതംബുദ്ധ നഗർ, ഗാസിയാബാദ്, ഹാപൂർ, മീറത്ത്, ബുലന്ദ്ഷഹർ, ബാഘ്പട്ട് എന്നീ ദേശീയ തലസ്ഥാന മേഖലയിൽ(എൻ.സി.ആർ) ഉൾപ്പെട്ട ജില്ലകളിലാണ് മാസ്‌ക് നിർബന്ധമാക്കിയിരിക്കുന്നത്. ഇതോടൊപ്പം യു.പി തലസ്ഥാനമായ ലഖ്‌നൗവിലും നിയമം കടുപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ പുതുതായി കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങാൻ ഭരണകൂടത്തിന്റെ തീരുമാനം.
രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ ഈ മാസം ആദ്യത്തിൽ ഉത്തർപ്രദേശ് ഭരണകൂടം മാസ്‌ക് അടക്കമുള്ളവയ്ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു.
















