കറ്റാനം: മിന്നലിൽ വൈദ്യുതി ലൈനിൽ നിന്ന് തീ പടർന്ന് അടുക്കളയും ഗൃഹോപകരണങ്ങളും കത്തി നശിച്ചു. കട്ടച്ചിറ പാറക്കൽ ജങ്ഷനിൽ പൊന്നപ്പൻ ആചാരിയുടെ വീടിന്റെ അടുക്കളയാണ് കത്തി നശിച്ചത്. ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഫ്രിഡ്ജ്, മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങൾ പൂർണ്ണമായും നശിക്കുകയും ജനലുകളും വാതിലുകളും തകരുകയും ചെയ്തു.
പാചക വാതക സിലിണ്ടറിലേക്ക് തീ പടർന്നെങ്കിലും വീട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ആറും ഒന്നും വയസുള്ള കുട്ടികളും വയോധികരും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ട്ടം ഉണ്ടായതായി വീട്ടുകാർ പറഞ്ഞു. കായംകുളത്തു നിന്നും അഗ്നി രക്ഷാ സംഘം എത്തിയാണ് തീയണച്ചത്.

















