തിരുവനന്തപുരം: വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയർമാൻ. നാളത്തെ സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ചെയർമാൻ അറിയിച്ചു. സ്ഥലം മാറ്റം പിൻവലിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും സംഘടനാ നേതാക്കൾക്കെതിരായ അച്ചടക്ക നടപടി പിൻവലിക്കാൻ കഴിയില്ലെന്നും ചെയർമാൻ അറിയിച്ചു.
സസ്‌പെൻഷൻ പിൻവലിച്ചുവെങ്കിലും സ്ഥലം മാറ്റം പിൻവലിക്കാത്ത ബോർഡ് നടപടിക്കെതിരെയാണ് കെഎസ്ഇബിയിലെ സിപിഐഎ അനുകൂല സംഘടനയായ ഓഫിസേഴ്‌സ് അസോസിയേഷൻ സമരം നടത്തിവരുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ വിവിധ ജില്ലകളിൽ നിന്നുള്ള ഓഫിസേഴ്‌സ് അസോസിയേഷൻ അംഗങ്ങൾ വൈദ്യുതി ഭവൻ വളയാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരത്തിന് അനുമതി നിഷേധിച്ച് കെഎസ്ഇബി ചെയർമാൻ ഉത്തരവിറക്കിയത്.
കെഎസ്ഇബിയിലെ തർക്കം ഒരാഴ്ച പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള സൂചനയില്ല. സമരം ചെയ്യുന്ന ഓഫീസേഴ്സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചർച്ചക്ക് വൈദ്യുതി മന്ത്രി ഒരുക്കമല്ല. സിഐടിയു, ഐഎൻടിയുസി, എഐടിയുസി യൂണിയനുകളുമായി മാത്രമാണ് നാളത്തെ ചർച്ച. അതാകട്ടെ പ്രധാനമായും ലൈൻമാൻമാരുടെ നിയമനത്തിലെ തർക്കത്തെ കുറിച്ചാണ്. വൈദ്യുതി ഭവന് മുന്നിൽ സമരം തുടരുന്ന ഓഫീസേഴ്സ് അസോസിയേഷൻ കൂടുതൽ കടുപ്പിക്കുകയാണ്. നാളെ ആയിരം പേരെ അണിനിരത്തി വൈദ്യതി ഭവൻ വളയും. സമരം തീർക്കാനുള്ള ഉത്തരവാദിത്തം മാനേജ്മെൻ്റിനാണെന്നാണ് സമരക്കാരുടെ നിലപാട്.
ജീവനക്കാരെ തടയില്ലെന്ന് പറയുമ്പോഴും നാളത്തെ ഓഫീസ് വളയൽ സമരത്തെയും ഗൗരവത്തോടെയാണ് കെഎസ്ഇബി മാനേജ്മെൻ്റ് കാണുന്നത്. സർവ്വീസ് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ഭവൻ വളയൽ സമരത്തിന് അനുമതി നിഷേധിച്ച് കൊണ്ട് ചെയർമാന്‍ ഉത്തരവിറക്കിയത്. ഉപരോധ സമരത്തിൽ പങ്കെടുത്താൽ കർശന നടപടിയെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്.

















