കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വിധി ചൊവ്വാഴ്ച. ഉച്ചയ്ക്ക് 1.45നാണ് ഹൈക്കോടതി വിധി പറയുക. ആരോപണങ്ങൾ തെളിയിക്കാനുള്ള തെളിവുകളില്ലെന്നും കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിന്റെ വാദം.
കേസ് റദ്ദാക്കണമെന്നും അല്ലെങ്കില്‍ സി.ബി.ഐ.യ്ക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിന്റെ ആരോപണം.
വധ ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രോസിക്യൂഷന് ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
അതേസമയം, കേസ് റദ്ദാക്കിയില്ലെങ്കില്‍ സി.ബി.ഐ.ക്ക് വിടണമെന്ന ശക്തമായ വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അന്വേഷണസംഘം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.

















