ഡൽഹി: ലഖിംപൂർഖേരി കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാനാണ് സുപ്രീംകോടതി ആശിഷ് മിശ്രയ്ക്ക് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറഞ്ഞത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിക്കെതിരെ യുപി സർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നില്ല.
ജാമ്യത്തിനെതിരെ അപ്പീൽ നൽകണമെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ യുപി സർക്കാരിന് കത്തെഴുതി. ജാമ്യം റദ്ദാക്കാൻ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേൽനോട്ടത്തിനായി നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ജെയിനും ശുപാർശ ചെയ്തിരുന്നു.
















