കൊച്ചി: സിപിഎം പാര്‍ട്ടി കോൺഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ച് കോൺഗ്രസ് നേതാവ് പ്രൊഫസര്‍ കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല്കി. പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ എഐസിസി കെ വി തോമസിനോട് ആവശ്യപെട്ടിരുന്നു.
ഇന്ന് വൈകിട്ട് ഇ മെയില്‍ മുഖേനയാണ് കെ വി തോമസ് മറുപടി നല്‍കിയത്. നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദേശിയ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കണേണ്ടതില്ലെന്നും മറുപടിയിലുണ്ടെന്നാണ് സൂചന. സി.പി.എം സമ്മേളന വേദിയില്‍ പങ്കെടുക്കുന്ന ആദ്യ കോണ്ഗ്രസുകാരന് താനല്ലെന്നും രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ നേരത്തേ പോയിട്ടുണ്ടെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, അച്ചടക്ക സമിതി ചെയര്‍മാനായ എ.കെ ആന്റണിടയടക്കമുള്ളവര് സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ചതടക്കമുള്ള കാര്യങ്ങളും മറുപടിയില്‍ പറയുന്നുണ്ട്.
ഇതിന് പുറമെ അച്ചടക്ക സമിതിക്ക് മുമ്പാകെ നേരിട്ട് ഹാജരാവാന്‍ അനുവദിക്കണമെന്നും ഇ-മെയില്‍ വഴി അയച്ച മറുപടിയില്‍ പറയുന്നു. നാളെ രേഖാമൂലമുള്ള മറുപടിയും നല്‍കും.
അതേസമയം, തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്ക് കെ.വി തോമസിന് ക്ഷണമില്ല. ഇതിന് കാരണമായി കെ.പി.സി.സി നേതതൃത്വം പറയുന്നത് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ ഒരാളെ യോഗത്തിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ലെന്നതാണ്.

















