ചെന്നൈ: സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍. തമിഴ്‌നാട്ടിലാണ് സംഭവം. ഏപ്രില്‍ 14ന് രാത്രിയാണ് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ സതീഷ് കുമാര്‍ കാര്‍ തീയിട്ട് നശിപ്പിച്ചത്. തുടര്‍ന്ന് മറ്റാരോ വാഹനം കത്തിച്ചുവെന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
എന്നാല്‍ അന്വേഷണം നടത്തിയ പൊലീസ് തെരുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ്. കാര്യം മാറി മറഞ്ഞത്, ഇതോടെ പ്രതിസ്ഥാനത്തേക്ക് പരാതിക്കാരന്‍ തന്നെ എത്തുകയായിരുന്നു.
വെള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ റോഡിന്റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വന്നു, തുടര്‍ന്ന് എല്ലാ വശങ്ങളില്‍ നിന്നും ജനലിലൂടെ അകത്തേക്ക് നോക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നെ ഇയാള്‍ അവിടുന്ന് നടന്ന് നീങ്ങി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കറുത്തവസ്ത്രം ധരിച്ച ഒരാള്‍ എത്തുകയും കാറില്‍ എന്തൊക്കെയോ ഒഴിക്കുകയും തീ ഇടുകയും ചെയ്തു. കാര്‍ തീയില്‍ വിഴുങ്ങുന്നത് സിസിടിവിയില്‍ കാണാം, തീവച്ചയാള്‍ ഉടന്‍ തന്നെ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും ദൃശ്യത്തിലുണ്ട്.
Tamil Nadu BJP district secretary of Tiruvallur West, Sathish Kumar arrested for setting fire to his car on his own. Initially there were speculation in the media that petrol bombs were hurled on the car. pic.twitter.com/EX3iSGWKF2
— Mohammed Zubair (@zoo_bear) April 17, 2022
കാറിന് തീപിടിക്കുന്നത് കണ്ട ആളുകള്‍ ഉടന്‍ തന്നെ ബിജെപി അംഗത്തിന്റെ കുടുംബത്തെ അറിയിക്കുകയും അവര്‍ പൊലീസുമായി ബന്ധപ്പെടുകയും ചെയ്തു. കാറിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞുവെന്ന അഭ്യൂഹം പരന്നതോടെ പൊലീസ് ഉടന്‍ സ്ഥലത്തെത്തി.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാദൃശ്യമുള്ള ആളാണെന്ന് പൊലീസ് സംശയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കുറച്ചു കാലമായി ഭാര്യ സ്വര്‍ണം വാങ്ങി നല്‍കുന്നത് നിര്‍ബന്ധിക്കുകയാണെന്നും അതിന് ആവശ്യമായ പണം കയ്യില്‍ ഇല്ലാത്തതിനാല്‍ കാറിന് തീയിടാന്‍ തീരുമാനിക്കുകയായിരുന്നെന്നും സതീഷ് പൊലീസിനോട് വെളിപ്പെടുത്തി. കാറ് വില്‍ക്കാനും ഭാര്യ നിര്‍ബന്ധിച്ചു. തുടര്‍ന്നാണ് കാറ് കത്തിച്ച് ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ പദ്ധതിയിടുന്നത്. ആ തുക കൊണ്ട് ഭാര്യയ്ക്ക് സ്വര്‍ണം വാങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സിസിടിവി എല്ലാ പദ്ധതിയും തകര്‍ക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് വിട്ടയച്ചു.
















