പാലക്കാട്: എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വന്നുപോയതിന്റെ രണ്ടാംദിവസമാണ് കൊലപാതകം നടന്നത്. കെ. സുരേന്ദ്രന്റെ സാനിധ്യത്തെക്കുറിച്ച് അന്വേഷിക്കണം. പ്രവർത്തകരുടെ ഗൂഢാലോചനയിൽ മാത്രം കൊലപാതകം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ആര്‍എസ്എസ് നേതാവ് എസ്.കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് ബിജെപി നേരത്തേ രംഗത്തെത്തിയിരുന്നു. ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എഡിജിപി വിജയ് സാഖറെ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. നാല് ടീമുകളെയാണ് പ്രതികളെ പിടിക്കാനായി നിയോഗിച്ചിരിക്കുന്നത്. സുബൈര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതായും എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെവൈകിട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

















