തിരുവനന്തപുരം: മീനിലെ മായം കണ്ടെത്താൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധന ശക്തമാക്കുന്നു. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയുണ്ടാവുകയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചാവുകയും ചെയ്തതിനെ തുടർന്നാണ് തീരുമാനം. നെടുങ്കണ്ടത്തെ ആറിടത്തുനിന്ന് ശേഖരിച്ച എട്ട് സാമ്പിളുകൾ എറണാകുളം കാക്കനാട്ടെ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കി തുടർനടപടി സ്വീകരിക്കും.
ആരോഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഞായറാാഴ്ച പ്രദേശത്ത് പരിശോധന നടത്തി. ഉടുമ്പൻചോല ഫുഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാർ, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ ആറ് വിൽപന കേന്ദ്രങ്ങളിൽനിന്നാണ് മത്സ്യ സാമ്പിളുകൾ ശേഖരിച്ചത്.
തൂക്കുപാലത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽനിന്ന് മീൻ വാങ്ങിയവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. മീനിെൻറ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകൾക്കും പൂച്ചക്കുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ടായി. തുടർന്ന് അവർ വെറ്ററിനറി സർജനെ ഇക്കാര്യം അറിയിച്ചു. ഭക്ഷ്യവിഷബാധയോ സീസണൽ വൈറസോ ആകാം പൂച്ചകളുടെ മരണത്തിന് കാരണമെന്ന് നെടുങ്കണ്ടം വെറ്ററിനറി സർജൻ അറിയിച്ചു.

















