തഞ്ചാവൂർ: അമ്മയെ പത്ത് വർഷമായി വീട്ടിൽ പൂട്ടിയിട്ടതിന് സഹോദരൻമാർക്കെതിരെ കേസ്. 72 വയസുകാരിയായ ജ്ഞാനജ്യോതിയെ വീട്ടിൽനിന്നും രക്ഷപെടുത്തി. സഹോദരങ്ങൾക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തു.
ചെന്നൈയിൽ ജോലി ചെയ്യുന്ന 50 കാരനായ പൊലീസ് ഇൻസ്‌പെക്ടർ ഷൺമുഖസുന്ദരം, പട്ടുകോട്ടയിലെ ദൂരദർശൻ ജീവനക്കാരനായ ഇളയ സഹോദരൻ വെങ്കിടേശൻ (45) എന്നിവർക്കെതിരെ തമിഴ് യൂനിവേഴ്‌സിറ്റി പൊലീസ് കേസെടുത്തു.
തന്റെ അമ്മയുടെ പെൻഷൻ തുകയായ 30,000 രൂപ വെങ്കിടേശൻ എല്ലാ മാസവും വിനിയോഗിക്കുന്നുണ്ടെന്നും അമ്മയുടെ ആരോഗ്യത്തിന് ഉത്തരവാദി അനിയനാണെന്നും ഷൺമുഖസുന്ദരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വീട്ടിനുള്ളിൽ കിടക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ട അജ്ഞാതൻ നൽകിയ വിവരത്തെ തുടർന്ന് 72കാരിയായ ജ്ഞാനജോതിയെ സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയതായി സാമൂഹികക്ഷേമ വകുപ്പ് അറിയിച്ചു.
ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജില്ലാ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു. വേഗത്തിൽ സുഖം പ്രാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശപ്പും ഭക്ഷണവും ആവശ്യമുള്ളപ്പോഴെല്ലാം ജ്ഞാനജ്യോതി അലാറം മുഴക്കുകയും അയൽവാസികൾ പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് ബിസ്‌ക്കറ്റോ പഴങ്ങളോ എറിയുകയും ചെയ്യുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
















