പാലക്കാട്: ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻറെ കൊലപാതകത്തിൽ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പ്രതികൾ സഞ്ചരിച്ച മൂന്ന് ബൈക്കുകളിൽ ഒന്നിൻറെ നമ്പർ ലഭിച്ചതായാണ് വിവരം. അതേസമയം, സംഭവത്തിൽ പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആർ.എസ്.എസ് പാലക്കാട് ജില്ല മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ. ശ്രീനിവാസൻറെ ശരീരത്തിൽ ആഴത്തിലുള്ള പത്ത് മുറിവുകൾ ഉള്ളതായാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കഴുത്തിലും തലയിലുമുള്ള മൂന്ന് വെട്ടുകളാണ് മരണകാരണമായത്. കാലിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഇൻക്വസ്റ്റ് തയാറാക്കിയ സി.ഐയുടെ റിപ്പോർട്ടിലുണ്ട്.
ശ്രീനിവാസൻറെ പോസ്റ്റുമോർട്ടം നടപടികൾ രാവിലെ ആരംഭിക്കും. പിന്നീട് വിലാപയാത്രയായി കണ്ണകി നഗറിലേക്ക് കൊണ്ടുപോകും.
ജില്ലയിൽ ഏപ്രിൽ 20ന് വൈകീട്ട് ആറുവരെ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചു. അവശ്യ സേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

















