പാലക്കാട്: കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള 10 മുറിവുകളും തലയിൽ മാത്രം മൂന്ന് വെട്ടുകളും കണ്ടെത്തി. കാലിലും കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അദ്ദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപാണ് നാടിനെ നടുക്കി വീണ്ടും അരുംകൊല നടന്നത്. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം ശ്രീനിവാസനെ കടയിൽ കയറി വെട്ടുകയായിരുന്നു.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യംനടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം. അതേസമയം, ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എ റൗഫ് പറഞ്ഞു.

















