ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലുമടക്കമുള്ള നേതാക്കളുമായും പ്രശാന്ത് കിഷോര്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന സൂചന പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്.
‘പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കും. അദ്ദേഹത്തെ കൺസൽട്ടന്റ് ആയിട്ടല്ല, നേതാവായി പ്രവർത്തിക്കാനാണ് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ മാറ്റങ്ങളെ കുറിച്ചുള്ള വിശദ രൂപ രേഖ അദ്ദേഹം സമർപ്പിച്ചു’- കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്തു.
കിഷോർ പ്രസന്റേഷൻ അവതരിപ്പിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ സ്ഥിരീകരിച്ചു. ചെറിയ സംഘത്തിന് മുമ്പിലായിരുന്നു അവതരണമെന്നും സംഘത്തെ ആരു നയിക്കണമെന്ന് കോൺഗ്രസ് പ്രസിഡണ്ട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
370 ലോക്‌സഭാ മണ്ഡലങ്ങളിൽ ശ്രദ്ധയൂന്നാനാണ് കിഷോർ നൽകിയ നിർദേശം. ബാക്കിയുള്ള സീറ്റുകളിൽ സഖ്യം ചേർന്ന് മത്സരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പുകൾക്ക് പ്രശാന്ത് കിഷോർ തന്ത്രങ്ങളൊരുക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, പ്രശാന്ത് കിഷോർ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















