കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 1065 കൊലപാതകങ്ങളാണ്. ഇതിൽ നിന്ന് തന്നെ മനസിലാക്കാം സംസ്ഥാനത്തെ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത് എന്ന്. 2019 മുതല്‍ 2022 മാര്‍ച്ച് 8 വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021ലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
2019ല്‍ 319, 2020 ല്‍ 318, 2021ല്‍ 353 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഈ വര്‍ഷം മാര്‍ച്ച് 8-ാം തീയതി വരെ 75 കൊലപാതങ്ങള്‍ നടന്നതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവില്‍ 1019 കൊലപാതക കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2019ല്‍ 308 കേസുകളും 2020ല്‍ 305 കേസുകളും രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2021ല്‍ 336ഉം 2022ല്‍ 70ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം റൂറല്‍ പോലീസാണ്. 104 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 81 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പാലക്കാടാണ് രണ്ടാമത്. അതേസമയം, സംഘടിത ആക്രമണങ്ങളില്‍ 83 പേര് കൊല്ലപ്പെട്ടു. ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേരും ഈ കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.