പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകത്തിന് പിന്നില്‍ എസ്‍ഡിപിഐ എന്ന് ബിജെപി . ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍റെ മരണത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉയർത്തുന്നത്. പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ വ്യക്തമാക്കി. അക്രമം തടയാന്‍ പൊലീസിനായില്ലെന്നും കൊലയാളി സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണകുമാര്‍ വിമർശിക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലക്കാട് മേലാമുറിയിൽ വെച്ച് അഞ്ചംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊന്നത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിക്കുക ആയിരുന്നെന്ന് ദൃക്സാക്ഷി വ്യക്തമാക്കി.

















