ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു.പ്രത്യാശയ്ക്കുമേൽ കരിനിഴലായി കഴിഞ്ഞ വർഷങ്ങളിൽ പടർന്നു നിന്ന കൊവിഡ് ഭീതി ഇക്കുറി ഒരു പരിധിവരെ മാറി നിൽക്കുന്നതിനാൽ ആഘോഷങ്ങള്‍ വീടുകൾക്ക് പുറത്തേക്കും സന്തോഷം വിതറുകയാണ്. പൊതുവിടങ്ങളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കൂട്ടായുളള ആഘോഷങ്ങൾക്ക് ഇക്കുറി കുറവുണ്ടാകില്ല. ആശങ്കകള്‍ അകന്നു നിക്കുന്ന നല്ലൊരു നാളെയിലേക്കുള്ള പ്രത്യാശയാണ് മലയാളികളുടെ മനസിൽ ഇത്തവണ വിഷു നിറയ്ക്കുന്നത്.
കാർഷിക സമൃദ്ധിയുടെ ഓർമപ്പെടുത്തലുകളുമായി കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പലരും ഗൃഹാതുരത്വത്തിന്റെ ഓർമകൾ തലമുറകളിലേക്ക് കൈമാറുകയാണ് മേടമാസപ്പുലരിയിൽ. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് വിഷു. കണി കണ്ട ശേഷം മുതിർന്നവരിൽ നിന്നും കൈ നീട്ടം ലഭിച്ചാൽ പിന്നെ ആഘോഷങ്ങളുടെ തുടക്കമായി.

















