കോഴിക്കോട്: ലൗ ജിഹാദ് സംബന്ധിച്ച സിപിഎം നേതാവിന്റെ പ്രസ്താവന വെറും നാക്കു പിഴയല്ല, പ്രത്യയശാസ്ത്ര പിഴവാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സിപിഎം എടുത്തണിയുന്ന മുഖം പുരോഗമനാത്മകമാണെങ്കിലും പാർട്ടി പ്രത്യയശാസ്ത്ര രേഖ വർഗീയത വളർത്തുന്നതാണ്. രണ്ട് സൈഡിലും ആളുകളെ നിർത്തുന്ന പരിപടി സിപിഎം നിർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം തള്ളിപ്പറയേണ്ടത് ബ്രാഞ്ചുകളിലേക്കടക്കം കൊടുത്തയച്ച പാർട്ടി രേഖയാണ്. വിഷയത്തില്‍ കോൺഗ്രസിനകത്ത് വ്യക്തത കുറവില്ലെന്നും ഷാഫി വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഫ്ലൈറ്റ് മോഡിലായ ബിജെപിക്ക് വൈബ്രേഷൻ മോഡ് കൊടുക്കുകയാണ് സിപിഎം. പാർട്ടിയെ അറിയിച്ച് കല്യാണം കഴിച്ചാൽ വിശുദ്ധ വിവാഹവും അല്ലെങ്കിൽ ലൗ ജിഹാദുമാവുന്നത് എങ്ങനെയാണ്?. തരം പോലെ വർഗീയത പറയുന്ന തലത്തിലേക്ക് സിപിഎം താഴ്ന്നു പോവുകയാണ്. പ്രത്യയശാസ്ത്ര രേഖ തള്ളിപ്പറയാൻ തയാറാവണം. നേതാവിനെതിരെ നടപടി വേണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതിനിടെ, ജ്യോയ്സ്നയുടെ മതാപിതാക്കള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ കോടഞ്ചേരിയിലെ വീട്ടിലെത്തി. വിഷയം വഷളാക്കിയത് കോണ്‍ഗ്രസ് ആണെന്ന സിപിഎം വിമര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ കോടഞ്ചേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ട്.

















