അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി വ്യക്തമാക്കി സംസ്ഥാന വൈസ് പ്രസിഡന്റ് ഹാർദിക് പട്ടേൽ. സംസ്ഥാന കോൺഗ്രസിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ല. തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് തന്നോട് അഭിപ്രായം തേടാറില്ലെന്നും ഹാർദിക് പറഞ്ഞു.
”ഈയിടെ 75 ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചപ്പോള്‍ ആലോചിച്ചില്ല. പി.സി.സി. യോഗം അറിയിക്കാറില്ല. സമുദായനേതാവ് നരേഷ് പട്ടേലിനെ പാര്‍ട്ടിയിലെത്തിക്കും എന്നുപറയുന്നതല്ലാതെ ഒന്നുംചെയ്യുന്നില്ല. ഇപ്പോഴുള്ള പട്ടേലിനെ തന്നെ ഉപയോഗിക്കുന്നില്ല. 2017-ലെ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനുകാരണം പട്ടേല്‍ സമരമായിരുന്നു എന്ന കാര്യം മറക്കരുത്” -ഹാര്‍ദിക് മുന്നറിയിപ്പുനല്‍കി.
‘വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ എന്റേത്’ – ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഹാർദിക് കൂട്ടിച്ചേർത്തു. പട്ടേൽ സമുദായത്തിന്റെ പ്രബലനായ നേതാവായ ഹാർദിക്കിനെ സംസ്ഥാനത്തെ നേതാക്കള്‍ ഒതുക്കുന്നുവെന്നാണ് ആക്ഷേപം. മാത്രമല്ല, മറ്റൊരു പ്രബല നേതാവും വന്‍വ്യവസായിയുമായ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാൻ ശ്രമിക്കുന്നതിലും ഹാർദിക് അതൃപ്തനാണെന്നാണ് വിവരം.
അതേസമയം, ഹാര്‍ദിക് പട്ടേലിനെ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസില്‍ സംതൃപ്തനല്ലെങ്കില്‍ അദ്ദേഹത്തെ ആം ആദ്മിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗോപാല്‍ ഇതാലിയ പറഞ്ഞു.
ഹാര്‍ദിക് പട്ടേലിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ഇതാലിയ പറഞ്ഞു. ഗുജറാത്തില്‍ പട്ടേലിനെപ്പോലുള്ള പോരാളിയായ യുവ നേതാവിനെ തീര്‍ച്ചയായും സ്വാഗതം ചെയ്യും. പട്ടേല്‍ സമുദായത്തിനിടയില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യതയും ഇഷ്ടവും തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















