തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരിക്ഷണ കേന്ദ്രം. തെക്കൻ തമിഴ്‌നാട് തീരദേശത്തിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീന ഫലമായി ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുള്ളതിനാൽ കേരളത്തിന്‍റെ കടൽത്തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ഏപ്രില്‍ 17 വരെ കേരളത്തിൽ 30-40 kmph വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

















