വാഷിങ്ടൻ: മനുഷ്യാവകാശ വിഷയത്തിൽ അമേരിക്കയുമായി ചർച്ച ഉണ്ടായിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ. രാഷ്ട്രീയ പ്രതിരോധ വിഷയങ്ങളിലാണ് ചർച്ച നടത്തിയത്. ആളുകൾക്ക് ഇന്ത്യയെ കുറിച്ച് അഭിപ്രായം പറയാൻ അവകാശമുണ്ട്. എന്നാൽ അഭിപ്രായം പറയുന്നവരുടെ താൽപര്യങ്ങളെ കുറിച്ച് പറയാൻ ഇന്ത്യക്കും അവകാശമുണ്ട് എന്നും മന്ത്രി പറഞ്ഞു.
മനുഷ്യാവകാശ വിഷയത്തിൽ ചർച്ച ഉണ്ടായാൽ നിലപാട് പറയാൻ ഇന്ത്യക്ക് വിമുഖത ഇല്ല. അമേരിക്കയിലെ ആളുകളുടെ മനുഷ്യാവകാശങ്ങളിൽ അടക്കം ഇന്ത്യക്ക് നിലപാട് ഉണ്ട് എന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനങ്ങൾ കൂടുന്നുവെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഇന്നലെ വിമർശിച്ചിരുന്നു.
റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങുകയാണ്. ഇതിൽ ഇന്ത്യയ്ക്കെതിരെയും ഉപരോധമുണ്ടാകുമെന്നാണ് യുഎസിന്റെ ഭീഷണി. എന്നാൽ, അവരുടെ നിയമമാണത്, അവർക്ക് കഴിയുന്നത് അവർ ചെയ്യട്ടേ, ഇന്ത്യയെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ ഇന്ത്യ വേണ്ടതു ചെയ്യുമെന്നായിരുന്നു ജയശങ്കറിന്റെ മറുപടി.
മനുഷ്യാവകാശ ലംഘനങ്ങളുടെ വിഷയത്തിൽ അമേരിക്കൻ ലോബികളുടെയും വോട്ട് ബാങ്കിന്റെയും താൽപര്യമാണതെന്നായിരുന്നു പ്രതികരണം. ‘ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ട്. നമുക്കും അവരുടെ ലോബികളെക്കുറിച്ചും വോട്ട് ബാങ്കുകളെക്കുറിച്ചും അറിയാം. ഇക്കാര്യത്തിൽ മൗനം അവലംബിക്കില്ല. മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോൾ’ – അദ്ദേഹം വ്യക്തമാക്കി.
റഷ്യ – യുക്രെയ്ൻ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസിന് ബോധ്യപ്പെട്ടതിൽ തൃപ്തിയുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. എന്നാൽ വിഷയത്തിൽ പൊതുവിടത്തിൽ ആ ബോധമില്ലാത്തതിൽ അദ്ദേഹം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
















