തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ഓടിതുടങ്ങിയ ദിവസം തന്നെ ബസ് ഇടിച്ച മൂന്ന് സംഭവത്തിലും ഡ്രൈവർമാരെ സർവീസിൽനിന്നു നീക്കം ചെയ്തു. സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് അപകടങ്ങള്‍ നടന്നത്. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്തുനിന്നുള്ള വീഴ്ച ചെറുതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നടപടി.
തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് കെ-സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടിരുന്നത്. കല്ലമ്പലത്ത് എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോയി. ഗ്ലാസിന് 35,000 രൂപ വിലയുണ്ടെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. പകരം കെ.എസ്.ആർ.ടി.സിയുടെ മിറർ സ്ഥാപിച്ചാണ് സർവീസ് തുടർന്നത്. ചങ്കുവട്ടിയിൽ കെ-സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
രണ്ട് അപകടങ്ങളിലും ആളപായമില്ലെങ്കിലും കെ-സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. അപകടം മനഃപൂർവമാണോ എന്ന് അന്വേഷിക്കും. ഇക്കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകടത്തിൽ സ്വകാര്യ ബസ് ലോബിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കും. അപകടമുണ്ടായതിനു കാരണം കെ-സ്വിഫ്റ്റ് ജീവനക്കാരാണെങ്കിൽ അവർക്കെതിരേയും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ദീർഘദൂര സർവീസ് കമ്പനിയായ കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് ഏപ്രിൽ 11 മുതലാണ് സർവ്വീസ് ആരംഭിച്ചത്. ബാംഗ്ലൂരിലേക്കുള്ള എ.സി. വോൾവോയുടെ നാല് സ്ലീപ്പർ സർവ്വീസുകളും തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ആറ് ബൈപ്പാസ് റൈഡർ സർവ്വീസുകളുമാണ് ആദ്യ ദിനം നടത്തിയിരുന്നത്.

















