തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‍സ് അസോസിയേഷന്‍റെ സമരത്തിൽ കടുത്ത നടപടിയുമായി മാനേജ്മെന്‍റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി.
സംസ്ഥാന പ്രസിഡന്‍റ് സുരേഷ് കുമാർ അടക്കമുള്ളവരെയും സ്ഥലം മാറ്റാനാണ് മാനേജ്മെന്‍റ് തീരുമാനം. സുരേഷ് കുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റി. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. സിഐടിയു വിമർശനങ്ങൾ തള്ളിയ വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞു.
ഹൈക്കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും കർശന താക്കീതോടെയാണ് നടപടി. തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽ നിന്നും ജാസ്മിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്.
അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിന്‍റെയും ജനറൽ സെക്രട്ടറി ഹരികുമാറിന്‍റെയും സസ്പെൻഷൻ പിൻവലിക്കുമെങ്കിലും ഇവരെയും സ്ഥലം മാറ്റുമെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികാരനടപടി അംഗീകരിക്കില്ലെന്നും ചെയർമാൻ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം, കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരം തുടരും. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് മാനേജ്‌മെന്റും അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ചര്‍ച്ചയില്‍ സിഎംഡി ബി. അശോക് പങ്കെടുത്തിരുന്നില്ല. ബോര്‍ഡ് അംഗങ്ങളും സംഘടനാ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഏകപക്ഷീയമായ സമീപനം മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യോഗത്തിന് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ് കുമാര്‍ പറഞ്ഞു.
ഏകപക്ഷീയമായാണ് ബോര്‍ഡ് മാനേജ്‌മെന്റ് നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് സുരേഷ് കുമാര്‍ ആരോപിച്ചു. ദുരൂഹമായ നടപടികളാണ് ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ കുറേ കാലമായി ജീവനക്കാരും ഓഫീസര്‍മാരും മാനേജ്‌മെന്റും വളരെ സൗഹാര്‍ദ്ദപരമായി നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനമാണിത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
തീരുമാനം ഉണ്ടയാലേ സമരം അവസാനിപ്പിക്കൂ എന്നും സുരേഷ് കുമാര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് മനസിലാക്കി പെരുമാറുന്നതിന് പകരം സ്ഥാപിത താല്പര്യം നടപ്പാക്കാനാണ് സിഎംഡി അടക്കമുള്ളവര്‍ ശ്രമിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ വേണമെങ്കില്‍ നടത്താം. ചര്‍ച്ചകളുമായി സഹകരിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ സംബന്ധിച്ച് വിവരം ഒന്നും അറിയില്ലെന്നും എം.ജി സുരേഷ് കുമാര്‍ പറഞ്ഞു.

















