ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സില്‍വര്‍ ലൈന്‍ സമ്മേളനത്തിന്‍റെ അജണ്ടയുടെ ഭാഗമായിരുന്നില്ല.
”കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും തമ്മിൽ നിലവിൽ പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടത്തി വരികയാണ്. അത് പ്രാരംഭഘട്ടത്തിലാണ്. ഇപ്പോഴതിന് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിൽ പദ്ധതിക്ക് പച്ചക്കൊടി കാട്ടേണ്ട കാര്യമില്ല. പാർട്ടി കോൺഗ്രസ് അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ല. വരാത്ത തീവണ്ടിക്ക് എങ്ങനെ പച്ചക്കൊടി കാട്ടും?”, യെച്ചൂരി ചോദിക്കുന്നു.
സിൽവർ ലൈൻ പദ്ധതി കേരളം വികസനത്തിന് അനിവാര്യമെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമായിതാണ്. കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സിൽവർലൈൻ അത്തരത്തിലൊരു പദ്ധതിയാണ്. കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈഅഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു. പദ്ധതിയുടെ നയങ്ങൾ വ്യത്യസ്തമാണെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം.
ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയത്. കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂ. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവർത്തിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

















