ന്യൂഡെൽഹി: ലൗ ജിഹാദ് വിഷയത്തില്‍ സിപിഎമ്മിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. പാലാ ബിഷപ്പിനെതിരെ കേസെടുത്തവര്‍ ജോര്‍ജ് എം. തോമസിനെ സംരക്ഷിക്കുകയാണെന്നും ലൗ ജിഹാദില്‍ കല്ലറങ്ങാട്ട് പിതാവ് നടത്തിയ പരാമര്‍ശം ആക്ഷേപമായാണ് എടുത്തതെന്നും മന്ത്രി ചൂണ്ടികാട്ടി.
ജോര്‍ജ് എം തോമസ് പറഞ്ഞാല്‍ നാക്കുപിഴയായി കണക്കാക്കുന്നവര്‍ പാലാ ബിഷപ്പ് പറഞ്ഞാല്‍ നാക്കുപിഴയായി കാണാത്തതെന്താണെന്നും മുരളീധരന്‍ ചോദിച്ചു. സിപിഎമ്മിന്റെ അവസരവാദം വീണ്ടും പുറത്താകുകയാണ് എന്നും ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തില്‍ ഗൂഢലക്ഷ്യങ്ങളോടെയുള്ള മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി, അവരുടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കുള്ള ഉദ്ഘാടന കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിന്റെ ഈ ഒളിച്ചുകളിയും കാപട്യവും അവസാനിപ്പിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.

















