കീവ് : തുറമുഖ നഗരമായ മരിയുപോളിൽ റഷ്യ രാസായുധ പ്രയോഗം നടത്തുന്നുവെന്ന ആരോപണവുമായി യുക്രെയിൻ. റഷ്യൻ സേന മരിയുപോളിൽ ഒരു അജ്ഞാത പദാർത്ഥം ഉപയോഗിച്ചെന്നും ഇത് പ്രദേശത്തെ ജനങ്ങൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റും കാരണമായെന്നും യുക്രെയിൻ എം.പി ഇവാന ക്ലൈംപഷ് പറഞ്ഞു. മരിയുപോളിലുള്ള യുക്രെയിൻ സേനയുടെ അസോവ് ബറ്റാലിയനിലെ അംഗങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതെന്ന് അവർ വ്യക്തമാക്കി.
റഷ്യൻ സേന ഡ്രോൺ വഴി വിഷ പദാർത്ഥങ്ങൾ മരിയുപോളിൽ നിക്ഷേപിച്ചെന്നും മൂന്ന് പേർ രാസായുധ ആക്രമണമേറ്റതിന്റെ വ്യക്തമായ ലക്ഷണങ്ങൾ കാട്ടിയെന്നും എന്നാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നും യുക്രെയിൻ സൈനികർ ആരോപിക്കുന്നു. യുക്രെയിൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൻ ഗെറെഷ്ചെൻകോവും മരിയുപോളിൽ റഷ്യ രാസായുധ പ്രയോഗം നടത്തുന്നതായി ആരോപിക്കുന്നു.
















