ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ. ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മുത്തശിക്ക് എതിരെയും കേസെടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്.
തൊടുപുഴ സ്വദേശിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയെന്നായിരുന്നു ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ കണ്ടെത്തൽ. ഇരുവര്‍ക്കുമെതിരെ കേസെടുക്കാൻ പൊലീസിന് നിര്‍ദ്ദേശം നൽകുകയും ചെയ്തു.
പെണ്‍കുട്ടിയിൽ നിന്ന് വീണ്ടും മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ബേബിയെ ചോദ്യം ചെയ്യും. പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപറ്റിയെന്നും ആരോപണമുണ്ട്. ഇതിന് വ്യക്തമായ ഉത്തരം നൽകാനാവുക ബേബിക്കെന്നാണ് പൊലീസ് പറയുന്നത്.

















