മലപ്പുറം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത പദ്ധതിപ്രകാരം സർവിസ് ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ പുതിയ കെ-സ്വിഫ്റ്റ് പദ്ധതിയുടെ ഭാഗമായി റോഡിലിറങ്ങിയ രണ്ടാമത്തെ ബസും അപകടത്തിൽപെട്ടു.
ഇത്തവണ മലപ്പുറം ചങ്കുവെട്ടിയിൽ വെച്ച് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ല. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാത്രി ആദ്യ ബസ് തിരുവനന്തപുരത്ത് അപകടത്തിൽപെട്ടിരുന്നു. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപമായിരുന്നു സെമി സ്ലീപ്പർ ബസ് ആദ്യം അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് ലോറിയുമായി ഉരസിയായിരുന്നു അപകടം.

















