മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്ക്ക് നേരെ നടന്ന കയ്യേറ്റങ്ങളിലും ആക്രമണങ്ങളിലും ഡല്ഹി പൊലീസ് 10 എഫ്ഐആറുകള് രജിസ്റ്റര് ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്ത്താ ഏജന്സിയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.
പ്രതിഷേധക്കാര്ക്ക് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റുകളുടെയും വിഡിയോകളുടെയും അടിസ്ഥാനത്തില് ഒക്ടോബര് 11 നും 14 നും ഇടയില് കൊണാട്ട് പ്ലേസ്, കമല മാര്ക്കറ്റ് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള് രജിസ്റ്റര് ചെയ്തത്. പ്രകടനക്കാരെ വലതുപക്ഷ പ്രവര്ത്തകര് ലക്ഷ്യമിട്ട് ആക്രമിച്ചതായി നിരവധി പോസ്റ്റുകളില് ആരോപിച്ചിരുന്നു.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കുറഞ്ഞത് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. സമൂഹമാധ്യമങ്ങളില് പ്രചരിച്ച ഒരു വിഡിയോയില്, പ്രതിഷേധക്കാരെ ഒരു സംഘം ആളുകള് ആക്രമിക്കുന്നതും പ്രധാനമന്ത്രിക്കെതിരെയോ പൊലീസിനെതിരെയോ സംസാരിക്കുന്നവരെ മര്ദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നും കാണിച്ചിരുന്നു. ഈ സംഭവത്തില് ഗൗരവ് എന്നയാളെ കൊണാട്ട് പ്ലേസ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവര്ക്കായുള്ള തിരച്ചില് തുടരുകയാണ്.
കമല മാര്ക്കറ്റ് പൊലീസ് സ്റ്റേഷനില് ഒക്ടോബര് 11 ന് രജിസ്റ്റര് ചെയ്ത മറ്റൊരു കേസില്, പ്രതിഷേധക്കാരെ ഉപദ്രവിക്കുന്നതിന്റെ വിഡിയോ വൈറലായതിനെ തുടര്ന്ന് നാല് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില് സ്വമേധയാ കേസെടുത്ത പൊലീസ് പ്രതികള്ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വിഡിയോകളും പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രമസമാധാനം തകര്ക്കാന് ലക്ഷ്യമിട്ട് വ്യാജവിഡിയോകള് അപ്ലോഡ് ചെയ്ത ഒരു യൂസറെ കണ്ടെത്താന് എക്സ് പ്ലാറ്റ്ഫോമിനോട് പൊലീസ് വിവരങ്ങള് തേടിയിട്ടുണ്ട്.
വലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 17 എണ്ണം ഉള്പ്പെടെ, തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങള് പ്രചരിപ്പിച്ചതായി കണ്ടെത്തിയ 37 സമൂഹമാധ്യമ അക്കൗണ്ടുകള് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രകോപനപരമായ പോസ്റ്റുകള് പങ്കുവെച്ച ഇത്തരം ഹാന്ഡിലുകള്ക്കെതിരെ ഐടി ആക്ട് പ്രകാരം നടപടികള് സ്വീകരിച്ചട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും എസ്ഐആര് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഡല്ഹിയില് പ്രതിഷേധങ്ങള് സംഘടിപ്പിച്ചത്. കേസുകളില് സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര് അറിയിച്ചു.















