ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള വെർച്വൽ ചർച്ച ആരംഭിച്ചു. യുക്രൈനിലെ സാഹചര്യം വലിയ ആശങ്കയാണുണ്ടാക്കുന്നതെന്നും റഷ്യ, യുക്രൈൻ പ്രസിഡന്റുമാരുമായി ചർച്ച നടത്തിയിരുന്നുവെന്നും മോദി ബൈഡനോട് പറഞ്ഞു. ബുച്ച കൂട്ടക്കൊലയെ മോദി ശക്തമായി അപലപിച്ചു.
ബുച്ച കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും നിലവിൽ നടക്കുന്ന യുക്രെയ്ൻ – റഷ്യ ചർച്ചകളിൽ സമാധനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. യുക്രൈനിലെ സ്ത്രീകളും കുട്ടികളും യാതന അനുഭവിക്കുന്നതായും ബൈഡൻ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം ഡോളർ മാറ്റി റൂബിൾ – രൂപ വിനിമയമാക്കാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തു വരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മോദി-ബൈഡൻ ചർച്ച.
ബൈഡൻ സർക്കാർ അമേരിക്കയിൽ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുമായി നടക്കുന്ന ആദ്യ തന്ത്രപ്രധാന ഉച്ചക്കോടിയാണിത്. ഇരുരാഷ്ട്രത്തലവൻമാരുടേയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അമേരിക്കയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഞാൻ വാഷിംഗ്ടണിൽ വന്നപ്പോൾ, ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഞാൻ അദ്ദേഹത്തോട് പൂർണ്ണമായും യോജിക്കുന്നു. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഞങ്ങൾ സ്വാഭാവിക പങ്കാളികളാണ് – മോദി പറഞ്ഞു.
















