ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം. ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഏഴ് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് തൊടുത്താലും ലക്ഷ്യം കൃത്യമായി ഭേദിക്കുമെന്നതാണ് ഹെലിനയുടെ സവിശേഷത.
രാജസ്ഥാനിലെ പൊക്രാന്‍ ഫയറിങ് റെയ്ഞ്ചില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. മുൻപ് നടത്തിയ പരീക്ഷണങ്ങളുടെ തുടർച്ചയായി പ്രയോഗക്ഷമത ഉറപ്പിക്കുന്ന പരീക്ഷണ വിജയമായിരുന്നു ഇത്. പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞരും കര-വ്യോമ സേനാ സംഘങ്ങളും സംയുക്തമായാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.
ഒരു അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. കൃത്രിമമായി സൃഷ്ടിച്ച യുദ്ധടാങ്കിനെ ലക്ഷ്യമാക്കി മിസൈൽ വിജയകരമായി വിക്ഷേപിച്ചു. ഏഴു കിലോമീറ്റർ ചുറ്റളവിൽ പ്രഹരമേൽപ്പിക്കാൻ കഴിവുള്ള മിസൈലാണിത്. ലോക്ക് ഓൺ ബിഫോർ ലോഞ്ച് മോഡിൽ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ഇമേജിങ് സീക്കർ ആണ് മിസൈലിനെ നയിക്കുന്നത്. ലോകത്തിലെ ഏറ്റവും അത്യാധുനിക ടാങ്ക് വേധ ആയുധങ്ങളിൽ ഒന്നാണിത്.
പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പകല്‍, രാത്രി വ്യത്യാസമില്ലാതെ ഈ മിസൈല്‍ പ്രയോഗിക്കാന്‍ കഴിയും.
പൊഖ്റാനിൽ നടത്തിയ പ്രയോഗക്ഷമതാ പരിശോധനയുടെ തുടർച്ചയായി, സമുദ്രനിരപ്പിൽനിന്ന് വളരെ ഉയരത്തിൽ നടത്തിയ പരീക്ഷണത്തിലെ വിജയം, മിസൈലിന്റെ ഹെലികോപ്റ്റർ സംയോജനത്തിന് വഴിയൊരുക്കും. ഡിആർഡിഒയിലെ മുതിർന്ന ശാസ്ത്രജ്ഞരും മുതിർന്ന കരസേനാ ഉദ്യോഗസ്ഥരും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു.
















