തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നദിയ മൊയ്‍തു. നായികയായും സഹ താരമായുമൊക്കെ വർഷങ്ങളായി സജീവമാണ് നദിയ മൊയ്‍തു. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമാകാൻ നദിയ മൊയ്‍തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിന് ഡബ്ബ് ചെയ്‍തതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നദിയ മൊയ്‍തു (Nadhiya Moidu).
നാനി നായകനാകുന്ന ചിത്രം ‘അണ്ടേ സുന്ദരാനികി’ക്ക് വേണ്ടിയാണ് നദിയ മൊയ്‍തു ആദ്യമായി തെലുങ്കിൽ ഡബ്ബ് ചെയ്‍തത്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി ഒരു തെലുങ്ക് സിനിമയ്‍ക്ക് ഡബ്ബ് ചെയ്‍തതിന്റെ ആവേശത്തിലാണ് താനെന്ന് നദിയ മൊയ്‍തു പറയുന്നു. ആത്മവിശ്വാസം പകർന്നതിനും തനിക്ക് പിന്തുണ നൽകിയതിനും വിവേക് അത്രേയയോട് നന്ദി പറയുന്നുവെന്നും നദിയ മൊയ്‍തു എഴുതിയിരിക്കുന്നു.
നവീൻ യെർനേനിയും രവി ശങ്കറുമാണ് ചിത്രം നിർമിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിർമാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിർവഹിക്കുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്നുവെന്ന പ്രത്യകതയുമുണ്ട്. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.
















