ആലിയ- രൺബീർ വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ഏറെ നാളായി ആരാധകർ കാത്തിരിക്കുന്ന ഈ താരവിവാഹം ഏപ്രിൽ 14നാണ്. മുംബൈയിലെ ആർകെ ബംഗ്ലാവിലാണ് വിവാഹചടങ്ങുകൾ നടത്തുക. പഞ്ചാബി രീതിയിൽ നാല് ദിവസമായാണ് വിവാഹാഘോഷങ്ങൾ നടക്കുക. ഏപ്രിൽ 13ന് മെഹന്തി ചടങ്ങുകൾ നടക്കും.
രൺബീറിനെ ആദ്യം കണ്ടുമുട്ടിയ ദിവസത്തെ കുറിച്ച് ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. രൺബീറിനെ പണ്ടുമുതൽ തന്നെ തനിക്കിഷ്ടമാണെന്ന കാര്യം ആലിയ പറഞ്ഞത്. തനിക്ക് 11 വയസ്സുള്ളപ്പോൾ സഞ്ജയ് ലീല ബൻസാലിയെ കാണാൻ സെറ്റിൽ പോയപ്പോഴാണ് രൺബീറിനെ ആദ്യമായി കാണുന്നതെന്നും ആലിയ പറയുന്നു. “ആ സമയത്ത് രൺബീർ ബൻസാലിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. അവിടെ വച്ച് സോനം കപൂറിനെയും കണ്ടു, പക്ഷേ അതെനിക്ക് ഓർമയില്ല, ”എന്നാണ് ആലിയ പറഞ്ഞത്.
രൺബീറിനൊപ്പം തോളിൽ തലവച്ചുകൊണ്ട് ഏതാനും ചിത്രങ്ങൾ എടുത്തെന്നും ആലിയ പറയുന്നു. “ആ സമയത്തും ഞാൻ രൺബീറുമായി പ്രണയത്തിലായിരുന്നുവെന്ന് സഞ്ജയ് സാർ ഇപ്പോഴും കളിയാക്കി പറയാറുണ്ട്. ഫ്ലേർട്ടിംഗ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് പോലും എനിക്കപ്പോഴറിയില്ലായിരുന്നു,” എന്നും ആലിയ കൂട്ടിച്ചേർത്തു. സാവരിയയുടെ ആദ്യ ഫ്രെയിം കണ്ടപ്പോൾ തന്നെ താൻ രൺബീറുമായി പ്രണയത്തിലായെന്നും ആലിയ പറഞ്ഞു.“സ്‌ക്രീനിൽ കണ്ട രൺബീറിനെയല്ല ജീവിതത്തിൽ കണ്ടത്. യഥാർത്ഥ ജീവിതത്തിൽ അവനെ കണ്ടുമുട്ടുമ്പോൾ, അവൻ തികച്ചും വ്യത്യസ്തനായ വ്യക്തിയാണ്,” എന്നും ആലിയ കൂട്ടിച്ചേർക്കുന്നു.
ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്.
















