ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെ പാകിസ്താന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അവിശ്വാസ പ്രമേയത്തിലൂടെ നീക്കിയതിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍. ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) അനുകൂലികളാണ് തെരുവിലിറങ്ങിയത്. ഇസ്ലാമാബാദ്, കറാച്ചി, പെഷവാര്‍, ലാഹോര്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം ആയിരക്കണക്കിനുപേര്‍ അണിനിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രതിപക്ഷ സഖ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രതിഷേധക്കാര്‍ തെരുവുകളില്‍ ഇറങ്ങിയത്. പാക് പട്ടാളത്തിനെതിരേ ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) മുദ്രാവാക്യമടക്കം പ്രതിഷേധക്കാര്‍ മുഴക്കി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
അതിനിടെ, തന്നെ പുറത്താക്കിയതിന് പിന്നില്‍ വിദേശ ഗൂഢാലോചനയാണെന്ന് ആരോപണം ഉയർത്തിയ ഇമ്രാന്‍ ഖാന്‍ രാജ്യത്ത് സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘രാജ്യത്തിന്റെ പരമാധികാരവും ജനാധിപത്യവും സംരക്ഷിക്കേണ്ടത് ജനങ്ങളാണ്. പാകിസ്താന് സ്വാതന്ത്ര്യം ലഭിച്ചത് 1947 ല്‍ ആണ്. പക്ഷെ വിദേശ ഗൂഢാലോചനയ്‌ക്കെതിരേ ഇന്ന് വീണ്ടും സ്വാതന്ത്ര സമരത്തിന് തുടക്കം കുറിക്കുകയാണ്’ ഇമ്രാന്‍ ഖാൻ ട്വിറ്ററിൽ വ്യക്തമാക്കി.
















