കറാച്ചി: പാക്കിസ്ഥാനിൽ(pakistan) പ്രക്ഷോഭം തുടങ്ങി ഇമ്രാൻ ഖാൻ(imran khan) അനുകൂലികൾ. തെരുവിലിറങ്ങിയാണ് പ്രതിഷേധം(protest). കറാച്ചി,പെഷാവർ,ലാഹോർ അടക്കം 12 നഗരങ്ങളിൽ ഇമ്രാൻ അനുകൂലികളുടെ പ്രകടനം നടക്കുകയാണ്. അതേസമയം മുഴുവൻ പാർട്ടി എംപിമാരേും രാജി വയ്പ്പിക്കാൻ ആണ് ഇമ്രാൻ ഖാൻ ആലോചിക്കുന്നത്. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാൻഖാൻ പുറത്താക്കപ്പെട്ടിരുന്നു. ഇന്ന് പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കാൻ ദേശീയ അസംബ്ലി ചേരാനിരിക്കെയാണ് ഇമ്രാൻ അനുകൂലികളുടെ പ്രക്ഷോഭം.പാകിസ്ഥാനിൽ സ്വാതന്ത്ര്യ സമരം വീണ്ടും ആരംഭിക്കുന്നുവെന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ശേഷമുള്ള ഇമ്രാൻ ഖാൻറെ ആദ്യ പ്രതികരണം
.
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻഖാൻറെ പാർട്ടിയിൽ നിന്ന് വൈസ് ചെയർമാൻ ഷാ മഹമ്മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.രാവിലെ 11 മണിക്കാണ് ദേശിയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുക.
അതേ സമയം ഷഹബാസ് ഷെരീഫിന്റെ നോമിനേഷൻ തള്ളിയില്ലെങ്കിൽ കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് പിടിഐ നേതാവും മുൻ വാർത്താവിതരണ മന്ത്രിയുമായ ഫഹദ് ചൗദരി ഭീഷണി മുഴക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി വിധി വരാനിരിക്കെയാണ് ഷെഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകാൻ ശ്രമം നടത്തുന്നത് എന്നാണ് ആരോപണം.
പാക്കിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷെഹബാസ് ശരീഫ്. നിലവിൽ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഇതിനു മുമ്പ് മൂന്ന് തവണ പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയായിരുന്നു.
1951 -ൽ ലാഹോറിൽ ജനനം. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അനുജൻ. നവാസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്ത്, ഷഹബാസിന്റെ ശ്രദ്ധ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇത്തിഫാക്ക് ഗ്രൂപ്പ് എന്ന സ്റ്റീൽ ഫാക്ടറിയുടെ നടത്തിപ്പിൽ മാത്രമായിരുന്നു. നവാസ് ശരീഫ് രാഷ്ട്രീയത്തിലൂടെ നേടിയ അളവറ്റ പണം കുമിഞ്ഞുകൂടിയിരുന്നത് ഈ സ്ഥാപനത്തിലാണ് എന്നൊരു ആക്ഷേപം അന്ന് ഉയർന്നിരുന്നു. 1988 -ൽ ബിസിനസ് ഉപേക്ഷിച്ച് ഷെഹ്ബാസ് രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങുന്നു. അക്കൊല്ലമാണ് അദ്ദേഹം പഞ്ചാബ് പ്രൊവിൻഷ്യൽ അസംബ്ലിയിലേക്ക് ജയിച്ചു കയറുന്നത്. 1990 -ൽ ആദ്യമായി നാഷണൽ അസംബ്ലിയിൽ എത്തുന്ന ഷെഹ്ബാസ്, 1993 -ൽ അസംബ്ലിയിൽ പ്രതിപക്ഷ നേതാവാകുന്നുണ്ട്. 1997 -ൽ അദ്ദേഹം ആദ്യമായി പഞ്ചാബ് പ്രൊവിൻസിന്റെ മുഖ്യമന്ത്രിയാവുന്നു.
















