ന്യൂഡല്‍ഹി: സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി. തോമസിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ പറഞ്ഞു.
“വിഷയത്തെ കുറിച്ച് സോണിയാ ഗാന്ധിയോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി. അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ,അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് പറഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. ഇത്രേയുള്ളൂ. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ ഒരു പാര്‍ട്ടിയുടെ അംഗമായിട്ട് പാര്‍ട്ടിയുടെ അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ. കെ.വി. തോമസ് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനം എടുത്തു. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയട്ടെ. അദ്ദേഹത്തിന്റെ ആക്ഷനെ കുറിച്ച് പറയില്ല.”- തരൂര്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടിവിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്ത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. കെ വി തോമസ് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. കടുത്ത നടപടി വേണമെന്നുമാണ് കെപിസിസി ആവശ്യപ്പെട്ടിരിക്കുന്നത്.
സെമിനാറില്‍ പങ്കെടുത്തത് മുന്‍കൂട്ടിയുള്ള തിരക്കഥ പ്രകാരമാണ്. ഒരുവര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലായിരുന്നെന്നും കത്തില്‍ പറയുന്നു. അദ്ദേഹം ലംഘിച്ചത് പാര്‍ട്ടി മര്യാദയും അച്ചടക്കവുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം അദ്ദേഹം വൃണപ്പെടുത്തിയെന്നും കെപിസിസി അധ്യക്ഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

















