കോഴിക്കോട്: കോഴിക്കോട്ട് ഗൃഹനാഥന്റെ ക്രൂരമർദ്ദനമേറ്റ ഭാര്യയും മകളും ചികിത്സ തേടി ആശുപത്രിയിൽ.
താമരശേരി സ്വദേശിനി ഫിനിയയെയും മകൾ ഒൻപതു വയസുകാരിയെയും ഷാജി എന്നയാളാണ് മർദിച്ചത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഷാജി മകളുടെ ശരീരത്ത് തിളച്ച വെള്ളം ഒഴിച്ചു. മകൾക്ക് സൈക്കിൾ വാങ്ങി നൽകണമെന്ന് പറഞ്ഞതിനാണ് ഇയാൾ ക്രൂരത കാട്ടിയത്. പരിക്കേറ്റ മകൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചെവിക്ക് മുറിവേറ്റ ഫിനിയയും ചികിത്സ തേടി. ഇയാൾ മകളുടെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തിൽ ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
എന്നാൽ വിവാഹം കഴിഞ്ഞതു മുതൽ സ്ത്രീധനമായി കൂടുതൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് ലഹരിക്ക് അടിമയായ ഷാജി മർദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു.
12 വർഷം മുൻപായിരുന്നു ഷാജിയുടെയും ഫിനിയയുടെയും വിവാഹം. സ്ത്രീധനമായി 50 പവൻ സ്വർണം നൽകിയിരുന്നു. ആദ്യമൊക്കെ നല്ല രീതിയിലായിരുവെങ്കിലും പിന്നീട് സ്ഥിരമായി മർദിക്കുമായിരുന്നുവെന്ന് ഫിനിയ പറയുന്നു. പലപ്പോഴായി സ്വർണവും കൈക്കലാക്കി. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു മർദനം.