മദ്യപാനം ശരീരത്തിനും മനസിനും ഒരുപോലെ ആപത്താണ് എന്നറിയാല്ലോ.എങ്കിലും മദ്യത്തിന് അടിമപ്പെട്ടുപോകുന്നവരാണ് ഭൂരിഭാഗം പേരും .വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ അതിന് അടിമകൾ ആയിട്ടുണ്ടാകും പലരും. മനസിനും ശരീരത്തിനും ഒരുപോലെ ദോഷകരമാണ് അമിത മദ്യപാനം.
മദ്യപാനം മൂലം നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു.
രോഗപ്രതിരോധ ശേഷി ദുർബലപ്പെടുന്നു
അമിതമായി മദ്യപിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുമെന്നും അസുഖം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതമായി മദ്യപിക്കുന്നവരുടെ അവയവങ്ങൾ തകരാറിലാകാറുണ്ട്.
ക്യാൻസറിനുള്ള സാധ്യത
അമിതമായി മദ്യപിക്കുന്നത്വായ, തൊണ്ട, അന്നനാളം, കരൾ, വൻകുടൽ എന്നിവയുൾപ്പെടെയുള്ള അവയവങ്ങളിൽ അർബുദം വരാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും പഠനങ്ങൾചൂണ്ടിക്കാട്ടുന്നു.
കരൾ രോഗങ്ങൾ
അമിതമായ മദ്യപാനം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. അതിലൊന്നാണ് കരൾ രോഗങ്ങൾ
ഹൃദയ പ്രശ്നങ്ങൾ
അമിത മദ്യപാനം കാർഡിയോ മയോപ്പതി (ഹൃദയപേശികളിലെ രോഗം), ക്രമരഹിതമായ ഹൃദയമിടിപ്പ്, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവ ഉൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾക്കും കാരണമാകും.
മാനസികാരോഗ്യ പ്രശ്നങ്ങൾ
അമിതമായി മദ്യം കഴിക്കുമ്പോൾ തലച്ചോറിന്‍റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങും. ഒരാളുടെ മനസിന്റെപ്രവർത്തനങ്ങളെയും അത് ബാധിക്കും.
മരണ സാധ്യത
സ്ഥിരമായി അമിത അളവിൽ മദ്യപിക്കുന്നവരുടെ ആയുർദൈർഘ്യം കുറയുമെന്ന് പഠനങ്ങൾ പറയുന്നു.
മദ്യപാനസക്തി പല ആൾക്കാരിലും പല രീതിയിലാണ്. അക്കാര്യത്തിൽ പലരിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അത് നിങ്ങളുടെ ദൈനംദിന പ്രവർത്തകളെപ്പോലും ബാധിക്കും. കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, മദ്യം കൂടാതെ ഒരു ദിവസം കഴിയാനുള്ള ബുദ്ധിമുട്ട് അങ്ങനെ പലരെയും പല തരത്തിലാണ് മദ്യാസക്തി ബാധിക്കുന്നത്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മദ്യപാനാസക്തിയിൽ നിന്ന് നമുക്ക് മോചനം നേടാനാകും.
മനസിനോട് ചോദിക്കുക
മിക്ക പ്രശ്നങ്ങളും ആദ്യം മനസ്സിൽ നിന്നാണ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെ എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് മനസിനോടു തന്നെ ചോദിക്കുക. അതിനുള്ള ഉത്തരവും അവിടെ നിന്നു തന്നെ ലഭിക്കും.
സീറോ ആൽക്കഹോൾ ഡ്രിങ്ക്സ്
നിങ്ങൾ മദ്യപിക്കുകയാണെന്ന് നിങ്ങളെത്തന്നെ കബളിപ്പിക്കാനുള്ള മാർഗമാണിത്. നിങ്ങളുടെ ഡ്രിങ്ക്സിൽ ചിലത് സീറോ-ആൽക്കഹോൾ ഡ്രിങ്കുകൾ ഉപയോഗിച്ച് മാറ്റി തുടങ്ങാം. സാവധാനം മദ്യത്തെ അകറ്റുകയും ചെയ്യാം.
ചികിൽസ
മറ്റ് പ്രതിരോധമാർഗങ്ങൾ ഫലപ്രദമല്ലെന്ന് തെളിഞ്ഞാൽ ചികിൽസ തേടാൻ മടിക്കേണ്ട. എന്നാൽ നിങ്ങളുടെ അവസാന ആശ്രയമായിരിക്കണം ഇത്തരത്തിലുള്ള മെഡിക്കൽ സഹായം. ചില മരുന്നുകൾ ഉപയോഗിച്ചാൽ മദ്യം കഴിക്കുമ്പോൾ ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടും. ഇത് നിങ്ങളുടെ മദ്യപാന ശീലത്തെ ഒരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കും. ഇങ്ങനെ മരുന്നു കഴിക്കുന്നത് അത്ര സുഖകരമായ അനുഭവമല്ല എന്നും ഓർക്കുക..
സ്വയം സഹായ സംഘങ്ങൾ
മദ്യപാനാസക്തി ഇല്ലാതാക്കാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളിലൊന്നാണ് സ്വയം സഹായ സംഘങ്ങൾ. ഏത് തരത്തിലുള്ള സുഖപ്പെടലാണ് നിങ്ങൾക്ക് വേണ്ടത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. മനസ്സിനെ ശുദ്ധീകരിക്കാനും ശാന്തതയിലേക്ക് നയിക്കാനും ഇത്തരം സംഘങ്ങൾക്കു കഴിയും.