ഇസ്ലാമാബാദ്: പാകിസ്താൻ ദേശീയ നിയമസഭയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ദേശീയ സഭ പിരിച്ചുവിട്ട പ്രസിഡന്റ് ആരിഫ് അൽവിയുടെ നടപടി തള്ളിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ തന്നെ സഭയിൽ ഭൂരിപക്ഷം നഷ്ടമായ ഇമ്രാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ ഇമ്രാൻ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധി ഇമ്രാന് വൻ തിരിച്ചടിയായിരുന്നു.
ഇതിനിടെ, പുതിയ സർക്കാർ രൂപീകരിക്കാനുള്ള പ്രാഥമിക ചർച്ചകൾ പ്രതിപക്ഷം പൂർത്തിയാക്കി. പ്രസിഡന്റ് ആരിഫ് ആൽവിക്കു പകരം യുകെയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ നിയമിക്കാനും ആലോചനകളുണ്ട്.