ന്യൂഡല്‍ഹി: 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് നൽകാൻ കേന്ദ്രസർക്കാർ. ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ കരുതൽ ഡോസ് വാക്സീൻ സ്വീകരിക്കാം.
ആദ്യ രണ്ട് ഡോസ് വാക്സീൻ പോലെ കരുതൽ ഡോസ് അഥവാ ബൂസ്റ്റർ ഡോസ് വാക്സീൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്സീനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സീനേഷൻ എന്നതിനാൽ പണം നൽകേണ്ടി വരും. രണ്ടാം ഡോസ് വാക്സീൻ എടുത്ത് ഒൻപത് മാസം പൂർത്തിയായ ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് വാക്സീൻ സ്വീകരിക്കാൻ അനുമതിയുള്ളൂ.
അതേസമയം, സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്സീനേഷനും മുതിർന്ന പൗരൻമാർക്കും ആരോഗ്യപ്രവർത്തകർക്കും മുൻനിര കൊവിഡ് പോരാളികൾക്കും നൽകുന്ന ബൂസ്റ്റർ ഡോസ് വാക്സീനേഷനും തുടരും. മൂന്നാം ഡോസ് നിർബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ബൂസ്റ്റർ ഡോസിനുള്ള അനുമതി ആശ്വാസമാകും. ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ ആവശ്യപ്പെട്ടിട്ടുണ്ട്.