കണ്ണൂർ: സി പി എം 23ാം പാർട്ടി സമ്മേളനത്തിന്റെ സെമിനാറിൽ പങ്കെടുക്കാൻ, പാർട്ടി വിലക്ക് ലംഘിച്ചെത്തിയ കോൺഗ്രസ് നേതാവ് കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വീകരണമൊരുക്കി സി പി എം. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും നൂറ് കണക്കിന് പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു.
ഹർഷാരവത്തോടെയാണ് എം വി ജയരാജനൊപ്പം വിമാനത്താവളത്തിന് പുറത്തെത്തിയ കെ വി തോമസിനെ സി പി എം പ്രവർത്തകർ സ്വീകരിച്ചത്. കോൺഗ്രസാണോ പാർട്ടി കോൺഗ്രസാണോ വലുതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ പറയാമെന്ന് കെ.വി തോമസ് മറുപടി നൽകി. നാളെയാണ് സെമിനാർ നടക്കുന്നത്.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാൾ ആണെന്ന് നിറത്തെ കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. വീട്ടിൽ താമര നട്ടപ്പോൾ ബിജെപിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം. സുഹൃത്ത് എന്ന നിലയിലാണ് ജയരാജൻ ഷാൾ അണിയിച്ചതെന്ന് ചുവന്ന ഷാൾ സ്ഥിരമാക്കുമോയെന്ന ചോദ്യത്തോട് കെ വി തോമസ് മറുപടി പറഞ്ഞു.
അതേസമയം, സിപിഎം വേദിയിൽ കോൺഗ്രസ് നിലപാട് വിശദീകരിക്കാൻ അവസരം കിട്ടിയാൽ വിനിയോഗിക്കണമെന്നും എന്നാൽ അച്ചടക്കം ലംഘിച്ചവരുതെന്നും മുതിർന്ന നേതാവ് പ്രഫ. പി.ജെ.കുര്യൻ പറഞ്ഞു. സംസാരിക്കുന്ന വിഷയം എന്താണെന്ന് അറിഞ്ഞിട്ടാവണം കെ.വി. തോമസിനെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന തോമസിനെതിരെ എന്തു നടപടി എടുക്കണമെന്ന കാര്യത്തിൽ കെ.പി.സി.സി നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്. സസ്പെൻഷനടക്കമുള്ള നടപടികൾ ഒരു വിഭാഗം നേതാക്കൾ മുന്നോട്ട് വയ്ക്കുമ്പോൾ കെ.വി തോമസിനെ അവഗണിക്കണമെന്ന നിലപാടും മറ്റൊരു വിഭാഗം ശക്തമായി ഉയർത്തുന്നുണ്ട്. മുതിർന്ന നേതാക്കളടക്കമുള്ളവരുമായി ആലോചിച്ച് യോജിച്ച തീരുമാനം എടുക്കാമെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.