കൊച്ചി: കെ-റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് കേരളം സമീപിച്ചിരുന്നില്ലെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ ഭൂമിയിൽ കല്ലിടരുതെന്ന് രേഖാമൂലം നിർദേശിച്ചിരുന്നുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സിൽവർലൈൻ പദ്ധതിക്ക് സാന്പത്തിക അനുമതി നൽകിയിട്ടില്ലെന്നും ഹൈക്കോടതിയെ കേന്ദ്രസർക്കാർ അറിയിച്ചു. കെ റെയില്‍ മാഹിയിലൂടെ കടന്നുപോകുന്നുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അലൈന്മെന്റ് അന്തിമമായിട്ടില്ലെന്നും കേന്ദ്രം പറയുന്നു. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹർജികൾ പരിഗണിക്കവേ സാമൂഹികാഘാത പഠനത്തിനുള്ള സര്‍വേയടക്കം നാലുകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വിഷയത്തില്‍ ഇന്നലെ നാലു ചോദ്യങ്ങളാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നത്. സാമൂഹികാഘാത പഠനത്തിനുള്ള സര്‍വേക്ക് കല്ലിടാനാവുമോ? സര്‍വേ നടത്താനെത്തുന്നതിനു മുമ്പ് നോട്ടീസ് നല്‍കേണ്ടതുണ്ടോ? കേന്ദ്രസര്‍ക്കാരാണോ സംസ്ഥാന സര്‍ക്കാരാണോ സര്‍വേ നടത്തേണ്ടത്? നിക്ഷേപപൂര്‍വ പ്രവൃത്തികള്‍ക്ക് 1,000 കോടിയിലേറെ ചെലവാകുന്നതിനാല്‍ കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണ്ടേ? എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്നാണ് കേന്ദ്രം വിശദീകരണം നൽകിയത്.
ഒന്ന്- സാമൂഹികാഘാത പഠനത്തിനു വേണ്ടി റെയില്‍വേ ഡിവിഷനെ ഇതുവരെ സമീപിച്ചിട്ടില്ല.
രണ്ട്- മാഹിയിലൂടെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്നുണ്ടോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാകില്ല. കാരണം സില്‍വര്‍ ലൈന്റെ അലൈന്മെന്റ് ഇതുവരെ അന്തിമമായി തീര്‍പ്പാക്കിയിട്ടില്ല. അത് അന്തിമമാകുമ്പോള്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂ. നിലവില്‍ റെയില്‍വേ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന ഡി.പി.ആറിലൂടെ സില്‍വര്‍ ലൈന്‍ മാഹിയിലൂടെ കടന്നുപോകുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കാര്യം അറിയിക്കുന്നതിന് കൂടുതല്‍ സമയം വേണം.
മൂന്ന്- മഞ്ഞ അതിരടയാളക്കല്ലുകള്‍ റെയില്‍വേ ഭൂമിയില്‍ സ്ഥാപിക്കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
റെയില്‍വേ ബോര്‍ഡില്‍നിന്ന് ഇതു സംബന്ധിച്ച് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. അത് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ അറിയിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതിക്ക് സാമ്പത്തിക അനുമതി ഇതുവരെ നല്കാത്തതുകൊണ്ടുതന്നെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലേക്ക് വന്നിട്ടില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.