ഭോപാൽ: നിർത്തിയിട്ട ട്രെയിനിൻറെ എഞ്ചിന് മുകളിൽ കയറി സെൽഫിയെടുത്ത 16കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഹൈ ടെൻഷൻ വൈദ്യുതി കേബിളിൽ പിടിച്ചതാണ് അപകടത്തിന് കാരണം. മധ്യപ്രദേശിലെ ഛത്താർപൂർ റെയിൽവെ സ്റ്റേഷനിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മധ്യപ്രദേശ് സ്വദേശിയായ സുഹൈൽ മൻസൂരിയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സുഹൈൽ റെയിൽവേ സ്റ്റേഷനിലെത്തിയത്. സെൽഫി എടുക്കാനായി നിർത്തിയിട്ടിരുന്ന ട്രെയിനിൻറെ എഞ്ചിന് മുകളിൽ കയറിയ സുഹൈൽ ഹൈ ടെൻഷൻ വൈദ്യുതി കേബിളിൽ പിടിക്കുകയായിരുന്നുവെന്ന് റെയിൽവേ സുരക്ഷ (ആർ.പി.എഫ്) ഉദ്യോഗസ്ഥൻ ജിതേന്ദ്ര കുമാർ പറഞ്ഞു. സുഹൈലിൻറെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം വീട്ടുകാർക്ക് കൈമാറി.
സംഭവത്തിൽ പ്രതിഷേധിച്ച് യുവാക്കളടങ്ങിയ സംഘം ഛത്താർപൂർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞു. പ്രതികൾ സ്റ്റേഷൻ മാസ്റ്റർ ശുഭാംഘ് പട്ടേലിനെ കയ്യേറ്റം ചെയ്യുകയും പഴ്സ്, വാച്ച് എന്നിവ കൈക്കലാക്കുകയും ചെയ്തു. സംഭവത്തിൽ സിവിൽ ലൈൻസ് പൊലീസ് കേസെടുത്തു.